Friday, February 11, 2011

എന്റെ ഗ്രാമം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില് പെരുമ്പടപ്പ് ബ്ളോക്കിലാണ് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെളിയങ്കോട് വില്ലേജുപരിധിയിലുള്പ്പെടുന്ന വെളിയങ്കോട് ഗ്രാമപഞ്ചായത്തിനു 15.21 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള് വടക്കുഭാഗത്ത് പൊന്നാനി മുനിസിപ്പാലിറ്റിയും, മാറഞ്ചേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് എടപ്പാള്, നന്നംമുക്ക്, പെരുമ്പടപ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരുമ്പടപ്പ് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പൊന്നാനി മുനിസിപ്പാലിറ്റിയും, അറബിക്കടലുമാണ്. കേരളത്തിന്റെ തീരദേശങ്ങളില് നല്ലൊരു പങ്കും മുന്കാലത്തെന്നോ കടല്മാറി കരയായി തീര്ന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ തരത്തില് ഏറ്റവും ഒടുവില് കടല്മാറി കരയായിതീര്ന്ന ഭൂപ്രദേശങ്ങളിലൊന്നാണ് വെളിയങ്കോട് പ്രദേശവും എന്ന് അനുമാനിക്കപ്പെടുന്നു. കൂടുതല് താഴ്ന്ന നിലയിലുള്ള കടലോരവും, ഏതാനും ഭാഗങ്ങള് ചതുപ്പുപ്രദേശങ്ങളായി കാണുന്നതും, ഭൂമിശാസ്ത്രപരമായ കിടപ്പും ഈ അനുമാനത്തിനു കൂടുതല് ഊന്നല് നല്കുന്നു. പടിഞ്ഞാറ് അറബിക്കടലും വടക്കും കിഴക്കും ഭാഗങ്ങളില് പുഴയും കായലുമുള്ള ഈ പ്രദേശത്തെ മണ്ണ് വളക്കൂറുള്ളതും ഫലഭൂയിഷ്ഠവുമാണ്. കേരവൃക്ഷങ്ങളുടെ വിളനിലമാണിവിടം. അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി ചരിത്ര സംഭവങ്ങള്ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണിത്. ഇസ്ളാംമതം ലോകത്തുണ്ടായ ആദ്യനാളുകളില് തന്നെ കേരളത്തിലും പ്രചാരം നേടാന് തുടങ്ങിയിരുന്നു. പ്രാരംഭഘട്ടത്തില് തന്നെ ഈ തീരദേശത്തും അതിന്റെ സന്ദേശം എത്തിയിട്ടുണ്ട്. അറബികളും, യൂറോപ്യന്മാരും കേരളത്തിലെ തീരപ്രദേശങ്ങളുമായി വ്യാപാരബന്ധം പുലര്ത്തി പോന്നിരുന്ന അക്കാലത്ത്, കൊപ്രയും ഉണക്കമീനും അന്യദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഒരു തുറമുഖം വെളിയംകോട് ഉണ്ടായിരുന്നു. ഈ നാടിനെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്ത്തിയ കെ.സി.എസ്.പണിക്കര് എന്ന ലോകപ്രശസ്ത ചിത്രകാരന് ഈ നാട്ടുകാരനും ഈ നാടിന്റെ യശസ്സുയര്ത്തിയ വ്യക്തിയുമാണ്. സ്വാതന്ത്ര്യപ്രാപ്തിക്കും വളരെ വര്ഷങ്ങള്ക്കു മുമ്പുതന്നെ വെളിയങ്കോട് പഞ്ചായത്ത് നിലവില് വന്നിരുന്നു. അന്ന് വെളിയങ്കോട് വില്ലേജുപ്രദേശം മാത്രം ഉള്പ്പെടുന്നതായിരുന്നു ഈ പഞ്ചായത്ത്. 1964-ല് വെളിയങ്കോട്, എരമംഗലം, അയിരൂര്, പെരുമ്പടപ്പ് എന്നീ വില്ലേജുകള് കൂട്ടിച്ചേര്ത്തുകൊണ്ട് പെരുമ്പടപ്പ് പഞ്ചായത്ത് രൂപീകൃതമായി. പില്ക്കാലത്ത് പെരുമ്പടപ്പ് പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് പെരുമ്പടപ്പ്, എരമംഗലം എന്നീ പഞ്ചായത്തുകള് നിലവില് വന്നു.
സാമൂഹ്യചരിത്രം
**********

സംഘകാലകൃതികളില് പരാമര്ശിക്കുന്ന “വെളിയം” എന്ന ഭൂപ്രദേശം ഈ നാടാണെന്നും, അതല്ല, കൊല്ലം ജില്ലയിലെ “വെളിയം” ആണെന്നും രണ്ടു പക്ഷമുണ്ട്. വാസ്കോഡഗാമ തന്നെ ആദ്യം നങ്കൂരമിട്ടത് വെളിയങ്കോട് തീരത്തായിരുന്നുവെന്നും, പിന്നീട് കാപ്പാട് കടപ്പുറത്തേക്ക് നീങ്ങിയതാണെന്നും ചിലര് വാദിക്കുന്നുണ്ട്. മലബാര് പിടിച്ചെടുക്കുന്നതിനു വേണ്ടി ടിപ്പുസുല്ത്താന് നടത്തിയ പടയോട്ടം ഈ മണ്ണിലൂടെ കടന്നുപോയിട്ടുണ്ട്. അക്കാലത്ത് ടിപ്പുസുല്ത്താന് നിര്മ്മിച്ച പാതയാണ് ഇപ്പോള് നാഷണല് ഹൈവേ ആയി ടിപ്പുസുല്ത്താന്റെ പേരില് തന്നെ അറിയപ്പെടുന്നത്. അറബിനാടുകളില് “ബിലന് കൂത്ത്” എന്ന പേരില് വെളിയങ്കോട് പ്രദേശം നേരത്തെതന്നെ പ്രസിദ്ധി നേടിയിരുന്നു. 18-ാം നൂറ്റാണ്ടില് ജീവിച്ച പ്രശസ്ത പണ്ഡിതനും ആത്മീയാചാര്യനും അറബികവിയുമായ ഉമര്ഖാസിയിലൂടെ ഈ നാടിന്റെ നാമം ഇസ്ളാമിക പുണ്യനഗരമായ മെക്കയിലും മറ്റ് അറബിദേശങ്ങളിലും പ്രചരിച്ചിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില് വെളിയങ്കോട് അങ്ങാടിയില് പോലീസ്റ്റേഷന്, രജിസ്ട്രാഫീസ്, സെഷന്സ് കോടതി, ഹജൂര്കച്ചേരി എന്നിവ പ്രവര്ത്തിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്. ഈ ആഫീസുകള് സ്ഥിതി ചെയ്തിരുന്ന ഭാഗം “കച്ചേരിപുറായി” എന്ന പേരില് ഇന്നും അറിയപ്പെടുന്നു. മുഹമ്മദുനബിയുടെ ഗോത്ര പരമ്പരയില്പെട്ട തങ്ങള്മാര് വര്ഷങ്ങള്ക്കു മുമ്പു തന്നെ ഈ പ്രദേശത്ത് എത്തിയിട്ടുണ്ട്. വെളിയങ്കോട് എത്തിയ തങ്ങള്മാരുടെ പൂര്വ്വികര് സൂറത്തില് നിന്നും വന്നവരായതു കൊണ്ട് സൂറത്തിലെ തങ്ങള്മാര് എന്നാണ് അവര് അറിയപ്പെടുന്നത്. മതപഠനത്തിനുവേണ്ടി കേരളത്തിന്റെ നാനാഭാഗത്തുനിന്നും പലരും വെളിയംകോടു വന്ന് താമസിച്ചിരുന്നു. അക്കാലത്ത് പണികഴിപ്പിച്ചവയാണ് വെളിയങ്കോട് ഇപ്പോള് കാണുന്ന മുസ്ളീംപള്ളികളില് പലതും. തട്ടാങ്ങര കുട്ടിയാമു മുസ്ളിയാര് കേരളത്തിലെ പ്രസിദ്ധനായ ഒരു പണ്ഡിതനായിരുന്നു. കേരളത്തില് അറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്ത്താവും പത്രപ്രവര്ത്തകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ മക്തി തങ്ങളുടെ ജന്മനാടും കര്മ്മമണ്ഡലവും ഈ നാടായിരുന്നു. നാടിനെ പ്രസിദ്ധിയിലേക്ക് ഉയര്ത്തിയ രണ്ട് കുടുംബങ്ങളാണ് ചേന്നാസ് മനയും, പാണ്ടമ്പറമ്പത്ത് മനയും. സാമൂതിരിയുടെ പതിനെട്ടര സാമാജികരില് ഒരാളും, മന്ത്രിമണ്ഡലത്തിലെ പ്രധാനിയുമായിരുന്ന ചേന്നാസിന്റെ സാന്നിധ്യം സാമൂതിരിയുടെ അരിയിട്ട് വാഴ്ച എന്ന ചടങ്ങിന് അനിവാര്യമാണ്. ഇന്നും മുഴുവന് ഹൈന്ദവ ദേവാലങ്ങളിലെയും തന്ത്രമന്ത്രങ്ങളുടെ ആധികാരിക ഗ്രന്ഥമായി ഗണിക്കപ്പെടുന്ന “തന്ത്രസമുച്ചയം” രചിച്ചത് ചേന്നാസ് നാരായണന് നമ്പൂതിരിപ്പാടാണ്. ഗുരുവായൂര് അമ്പലം, കോഴിക്കോട് തളിക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിലെ താന്ത്രികജോലി പാരമ്പര്യമായി ചെയ്തുവരുന്നത് ഇപ്പോഴും ഈ കുടുംബമാണ്. ജന്മിമാരുടെയും ഭൂസ്വാമിമാരുടെയും മര്ദ്ദനങ്ങളും ഗുണ്ടാവിളയാട്ടങ്ങളും അനുഭവിക്കാന് വിധിക്കപ്പെട്ടിരുന്ന ഒരു ജനസമൂഹം ഇവിടെയുണ്ടായിരുന്നു. സ്വതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായി വളര്ന്നുവന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും അനുരണനങ്ങള് ഈ നാട്ടിലും ഉണ്ടായിട്ടുണ്ട്. ദേശീയപ്രസ്ഥാനമായ കോണ്ഗ്രസിലും പിന്നീട് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലും ത്യാഗപൂര്ണ്ണമായ പ്രവര്ത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നവരാണ് സാധു പി.അബ്ദുള്ളക്കുട്ടി, കൊളാടി ഉണ്ണി, ഒ.കെ.മമ്മുണ്ണി, എം.ടി.മുഹമ്മദ് ആനകത്ത് തുടങ്ങിയവര്. 1940-കളുടെ ആരംഭത്തില് വെളിയങ്കോട് പാലത്തിനു സമീപം വച്ച് നടന്ന അഖിലേന്ത്യാ കിസാന് സഭയുടെ സമ്മേളനം ചരിത്രസംഭവമായിരുന്നു. കമ്മ്യുണിസ്റ്റ് പാര്ട്ടിയുടെ പ്രമുഖ പ്രവര്ത്തകനായിരുന്ന കെ.ദാമോദരന്റെയും ഇമ്പിച്ചിബാവയുടെയും പ്രധാന പ്രവര്ത്തനമേഖലയായിരുന്നു ഈ പ്രദേശം. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ഈ പ്രദേശങ്ങളില് ഭരണകൂടത്തിന്റെ പ്രതിപുരുഷനായി വാണരുളിയിരുന്നത് സര്വ്വവിധ അധികാരങ്ങളോടും കൂടിയ “അധികാരി”മാരായിരുന്നു. വലിയ ജന്മി കുടുംബങ്ങളിലെ അംഗങ്ങളെയാണ് ബ്രിട്ടീഷുകാര് ഈ ചുമതല ഏല്പ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തും ഈ നാട്ടിലെ ബഹുജന പ്രസ്ഥാനങ്ങളുടെ മുഖ്യധാര കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ ഇവിടെയും, ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്തന്നെയായിരുന്നു. പഴയ കാലത്ത്, തൃശ്ശൂര് ജില്ലയിലെ പുന്നയൂര്ക്കുളം മുതല് പൊന്നാനി വരെയുള്ള പ്രദേശങ്ങളിലെ കുട്ടികള്ക്ക് വിദ്യാഭ്യാസത്തിനുള്ള ഏക അവലംബം ബോര്ഡ് ഹയര് എലിമെന്ററി സ്കൂള് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ വെളിയങ്കോട് ഹൈസ്കൂളായിരുന്നു.

സാംസ്കാരികചരിത്രം
*************

വെളിയങ്കോട് എന്ന ഈ ഗ്രാമത്തില് ജനിച്ച് അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്ന്ന ചിത്രകാരനാണ് കെ.സി.എസ്.പണിക്കര്. അദ്ദേഹത്തിന്റെ “വെളിയങ്കോട് പാലം” എന്ന ചിത്രം പ്രശസ്തവും ഈ നാടുമായി ബന്ധപ്പെട്ടതുമാണ്. ഇവിടുത്തുകാരായ വിദ്വാന് എ.കൃഷ്ണന്, എ.പി.നമ്പീശന് എന്നിവര് സാഹിത്യരംഗത്തെ അതിപ്രശസ്തരായിരുന്നു. കാലങ്ങളായി ആചരിച്ചുപോരുന്ന വെളിയങ്കോട് ചന്ദനക്കുടം നേര്ച്ചയിലും, പതിനെട്ടരകാവുകളില്പെട്ട കണ്ണേന്കാവ്, പണിക്കന്കാവ് എന്നിവിടങ്ങളിലെ ഉത്സവങ്ങളിലും സാമുദായിക വ്യത്യാസങ്ങള് വിസ്മരിച്ചുകൊണ്ട് ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്നു. വെളിയങ്കോട് പഴഞ്ഞിഭാഗത്ത് പരേതനായ ആലക്കാട്ടില് ചിയ്യാമു സാഹിബ് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ദാറുല് ഉലും എന്ന വായനശാലയുടെ പ്രവര്ത്തനമാരംഭിച്ചത്. പുരോഗമനചിന്ത ജ്വലിപ്പിക്കുന്ന നിരവധി ഗ്രന്ഥങ്ങളുടെ കൂട്ടായ പാരായണവും സംവാദവും ഇവിടെ പതിവായിരുന്നു. എരമംഗലത്ത് പ്രവര്ത്തിച്ചിരുന്ന ജയ്ഹിന്ദ് വായനശാലയുടെ പ്രവര്ത്തനങ്ങളും സ്മരണീയമാണ്. എരമംഗലത്ത് തന്നെ 1980-കളുടെ പകുതി മുതല് പ്രവര്ത്തിച്ചുവരുന്ന സര്ഗ്ഗവേദി ഗ്രന്ഥാലയം, വെളിയങ്കോട് പ്രവര്ത്തിക്കുന്ന ടാസ്ക് ലൈബ്രറി എന്നിവയാണ് മറ്റു പ്രമുഖവായനശാലകള്. അറബിസാഹിത്യത്തിനു മികച്ച സംഭാവനകള് നല്കിയ ആത്മീയാചാര്യനും പണ്ഡിതനും കവിയുമായിരുന്ന വെളിയങ്കോട് ഉമര്ഖാസിയുടെ സാംസ്കാരികരംഗത്തെ സംഭാവനകള് എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ “ഖദീസത്തുല് ഉമരിയ്യ” എന്ന ഗ്രന്ഥം ഈജിപ്തില് പ്രസിദ്ധീകരിക്കുകയും, അറബ് ധൈഷണികരംഗത്ത് ഏറെ ചര്ച്ച ചെയ്യപ്പെടുകയും പ്രശംസയാര്ജ്ജിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി കൃതികള് പാശ്ചാത്യ പൌരസ്ത്യ സര്വ്വകലാശാലകളില് ഇന്നും പാഠ്യവിഷയങ്ങളാണ്. അറബിസാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റു രണ്ട് പ്രമുഖവ്യക്തികളാണ് വെളിയങ്കോട് ഹസ്സന് മുസ്ള്യാരും, സനാവുല്ല മക്തി തങ്ങളും. ലക്ഷദ്വീപിലെ കവരത്തി തുടങ്ങിയ ദ്വീപുകളില് അനേകം ശിഷ്യഗണങ്ങളുള്ള ഒരു അറബിക് പണ്ഡിതനും സൂഫിവര്യനുമായിരുന്നു പാടത്തകായില് ശൈഖ് മുഹമ്മദ് സലിഹ് മൌല. അബു ഉബൈദ് എന്ന തൂലികാനാമത്തില് പ്രസിദ്ധനായിരുന്ന ടി.കെ.അബ്ദുള്ള മൌലവി എന്ന വെളിയങ്കോട് സ്വദേശി രചിച്ച “കുശുണ്ടയും കുന്തിരിയും” എന്ന ആക്ഷേപഹാസ്യകൃതി അക്കാലത്ത് ഏറെ ചര്ച്ച ചെയ്യപ്പെട്ട ഗ്രന്ഥമായിരുന്നു. അന്യംനിന്നുപോയ അനുഷ്ഠാന കലകളുടെയും പ്രചുരപ്രചാരം സിദ്ധിച്ച മാപ്പിളകലകളുടെയും കേന്ദ്രമായിരുന്നു ഒരുകാലത്ത് ഈ ഗ്രാമം